Thursday, October 20, 2011

തിരികെ !



ഇന്നലെ മുഴുവന്‍ പനിച്ചു കിടന്നു
ജ്വരം തിന്ന ഒരു തലച്ചോറ്
പുതയ്ക്കാന്‍ കംബിളിയില്ലാതെ
നിന്റെ ഗന്ധമില്ലാതെ
കാലുകള്‍ക്കും കയ്യുകള്‍ക്കും
ചലനശേഷിയില്ലാതെ
നിവര്‍ന്നു നിര്‍ജീവം കിടക്കുമ്പോള്‍
ഓര്‍മയില്‍ അരുകിലിരുന്നു
ആത്മാവിന്റെ പുസ്തകം
വായിക്കുന്നത് ആരാണ് ?
ചോരച്ചുമ പൊന്തും കണ്ഠത്തില്‍
സ്നേഹത്തിന്റെ തൈലമിറ്റിച്ചതാരാണ് ?
വെള്ളരിപ്പൂംപ്രാവായി വന്നു
നിലാവിന്റെ ഗാനം കുറുകിയതാരാണ് ?
അവ്യക്തമായ ഓര്‍മകള്‍ക്കുമേല്‍
ഒരു ഹിംസ്ര മൃഗത്തിന്‍ രശനയില്‍ നിന്നും
നിണം തൂകി എന്റെ സ്വപ്നത്തെ
ചുവപ്പിച്ചു , ഒടുവില്‍
രക്തപങ്കിലം എന്റെ ദേഹിയെ
ഒരു തെമ്മാടിക്കുഴിയിലേക്ക്
വലിച്ചെറിഞ്ഞതെന്തിനാണ് ?
എനിക്ക് ജീവനില്‍ വലിയ കൊതിയാണ്
നിനക്ക് മുന്നില്‍ പറക്കാന്‍ ,
ഒരു വഴികാട്ടിയായി !
ഈ പനി ഒന്ന് മാറട്ടെ,
അത് വരെ ഒന്ന് ക്ഷമിക്കൂ
ഞാന്‍ എന്റെ ഓര്‍മകളിലേക്ക് തരിച്ചു വരും
അത് വരെ അതുവരെ മാത്രം !

Monday, October 17, 2011

പ്രണയത്തിനറിയില്ലല്ലോ അവര്‍ മരിച്ചതാണെന്ന്

ചില രാത്രികളില്‍
അച്ഛായെന്ന്
അമ്മേയെന്ന്
മോനേയെന്ന്
വിളികള്‍ കേള്‍ക്കാം

സ്വര്‍ഗ്ഗവും നരകവും
അന്ത്യ നാളുമെവിടെയെന്ന്
കാത്തിരുന്നു മടുത്തവര്‍
ഭൂമിയിലേക്ക്‌ വരുന്നതാകും

ശ്മശാനത്തിലെ
മരക്കൊമ്പിലിരുന്ന്
ദൂരക്കാഴ്ചകള്‍ കണ്ടിരിക്കും

പരിചയക്കാരെ തേടി
അങ്ങാടിയില്‍ നോക്കും

ആരോ വിളിച്ചെന്ന്
ചിലര്‍ തിരിഞ്ഞു നോക്കും
ആരെയോ കണ്ടെന്ന്
ആരോ തൊട്ടെന്ന് അമ്പരക്കും

എന്നാലും
അവള്‍ക്കടുത്തേക്ക് അവനോ
അവന്റെ വീട്ടുമുറ്റത്തേക്ക് അവളോ
ഒരിക്കലും പോകാറില്ല

പ്രണയത്തിനറിയില്ലല്ലോ
അവള്‍ മരിച്ചതാണെന്ന്
അല്ലെങ്കില്‍,
അവന്‍ മരിച്ചതാണെന്ന്