Thursday, April 9, 2009

എന്റെ നിയോഗം.

നീണ്ടു പോകുന്ന മൌന നിമിഷങ്ങള്‍.
പറയാതെ പോകുന്ന വാക്കുകളുടെ
അര്‍ത്ഥാനര്‍‍ത്ഥങ്ങള്‍..
ഒരുനോക്കിലടങ്ങിയ മന‍സ്സിന്റെ
സംഘര്‍ഷ തലങ്ങളിലേക്കിറങ്ങാ-
നെനിക്ക് ഭയമാകുന്നു.

പ്രതീക്ഷ വറ്റിയ നരച്ച കണ്ണുകളില്‍
ഇരുട്ടുനിറച്ചതാരാണ്?
എന്റെ നേര്‍ക്കു നീളുന്ന
കുഴിഞ്ഞ കണ്ണിലെ ഇരുട്ടിനെ
ഞാന്‍ ഭയക്കുന്നു.
അവരുടെ സ്വപ്നങ്ങളെ
അന്ധകാരപൂര്‍ണ്ണമാക്കിയാതാര്?
അവരുടെ വസന്ത മനസ്സുകളെ
മരുഭൂമിയാക്കിയതാര്?
അവസാന നീരുറവയും
ഊറ്റി വറ്റിച്ചതാര്?

ഉത്തരങ്ങള്‍ തിരയുന്ന ശോഷിച്ച
വിരലുകള്‍ ശക്തിയാര്‍ജ്ജിക്കുന്നുവോ?
മരിച്ച കണ്ണുകളിലഗ്നി നിറയുന്നുവോ?
എനിക്ക് പൊള്ളുന്നതെന്തിന്?

തിരിഞ്ഞോടുവാന്‍ പോലുമാകാതെ
കാലുകള്‍ കുഴഞ്ഞു പോകുന്നു.
ബന്ധ ബന്ധനങ്ങളെന്നെ മുറുക്കുന്ന
കെട്ടു പൊട്ടിച്ചോടാനാവില്ലെനിക്ക്.

ഇനിയൊരു തിരിഞ്ഞു നോട്ടമില്ല
ഇനിയൊരു തിരിഞ്ഞോട്ടവും.
ഇനി ഞാനീയഗ്നിക്കു ഹവിസ്സാകട്ടെ
അവരുടെ ശോഷിച്ച വിരലുകള്‍ക്കൂര്‍ജ്ജവും.
--------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

അകലാനായ്‌ അരികു ചേർന്നു പോയവയെത്ര


മുകളിലും താഴെയുമായ്‌
കാറ്റും വെളിച്ചവും
വീതിയും വിസ്താരവുമുള്ള
എത്രയോ മുറികൾ
എന്നിട്ടും, കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിലാണു
പ്രണയത്തെ ഞാൻ ആദ്യമായ്‌ കണ്ടത്‌

കൈമാറാനായ്‌
പൂക്കളും, പഴങ്ങളും
മയിൽ പീലിയും
മഞ്ചാടിമണികളുമായ്‌
എത്രയോ, എന്നിട്ടും
വെറുതെ നീട്ടിയ
ചായ പെൻസിലിലാണു
പ്രണയം കൈവിരൽ കോർത്തത്‌

വരക്കാനായ്‌
താഴവാരത്തിൽ ഒറ്റപ്പെട്ട വീട്‌
കടലിൽ ഏകനായ തോണികാരൻ
മുനിഞ്ഞുകത്തുന്ന മൺ ചിരാത്‌
എന്നിട്ടും, കോറി വരച്ച
അവളുടെ കണ്ണുകളിലാണു
പ്രണയം നിർ വൃതി കൊണ്ടത്‌

അകലാനായ്‌
അരികു ചേർന്നു പോയവയെത്ര

തീരം തഴുകിയ തിര
പറന്നു പോയ ദേശാടന കിളി
കൊഴിഞ്ഞുപോയ മാമ്പഴകാലം
തിരികെ വരാത്ത ബാല്യം
എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

Monday, April 6, 2009

തീറ്റ.

ഒരിടത്ത് ഒരു ശവം ;
പിന്നെ
ബാക്ടീരിയകളും.

ഒരു കാക്ക
എല്ലായിടത്തും
പറന്നു.
അന്നം ഒരിടത്തും
കിട്ടിയില്ല.

ശവത്തിനടുത്തെത്തി;
കാക്ക ഇനിയെന്താണ്
ചെയ്യുക.


Sunday, April 5, 2009

തിരഞ്ഞെടുപ്പ്

വരവായ് കാഴ്ചക്കോമരങ്ങള്‍
നാനാവിധ കാഴ്ച്ചകളുമായ് ..
കഴുതകളുടെ കാലുതൊട്ടു അനുഗ്രഹം -
തേടും ഭക്തരുടെ ആനന്ദാതിരേകം
കണ്ടു കോള്‍മയിര്‍ കൊള്‍ക ...

ഇന്നലെ ഇരുളിന്‍ മറവില്‍
വെട്ടിമാറ്റിയ തലയില്ലാ ഉടലിനു
ഇന്ന് കണ്ണീരോടെ പൂക്കളര്‍പ്പിക്കുന്ന
അധികാര മൃഗതൃഷ്ണ..

ദന്ത പരിപാലകര്‍ക്ക് ശുക്രകാലം
തെളിയുന്നിവരുടെ പുഞ്ചിരി തെളിച്ച്
എന്തും പറയാം ആര്‍ക്കുമിന്നേരം
മനം മയക്കും മന്ദസ്മിതത്താല്‍
ക്ഷമയുടെ പര്യായമാകുന്ന
അഭിനവ ആചാര്യന്‍മാര്‍ കാട്ടുന്ന
പാത പിന്തുടരാന്‍ കുട്ടിക്കഴുതകള്‍
പിന്നാമ്പുറത്തു കുപ്പായം ഒരുക്കുന്നു .

കൊമ്പത്തേറാന്‍ ‍ മത്സരിപ്പോര്‍
ചൊല്ലുന്നതൊക്കെയും വേദവാക്യമായി
കണ്ടോരു തലമുറ മറഞ്ഞ വിവരം
അറിയാത്ത ഇന്നത്തെ കഴുതകള്‍ ആര്?

ഇന്നലെ കടിച്ചോരു പാമ്പിനെ
ഇന്ന് പാലൂട്ടി തോളേറ്റുന്ന
കാഴ്ചകള്‍ മറയ്ക്കാന്‍ പലരും
നെട്ടോട്ടമോടുമ്പോള്‍ അറിയുക
നിങ്ങള്‍ക്കായി ഒരുങ്ങുന്നു വടികള്‍
ജനഹൃദയങ്ങളില്‍ ഏറെയേറെ .

കാറ്റത്തു പാറിയ പൊടിമണ്ണില്‍
മക്കള്‍ തന്‍ ചോരമണം അറിയുന്ന
അമ്മമാരുടെ തേങ്ങലുകള്‍
ഓര്‍ക്കുക നാം ഇത്തരുണം ...
പണത്തിന്നായ് നാടിനെ ഒറ്റിയ
പിണങ്ങളെ തിരിച്ചറിയുക നാം ...
ഭരണം മറന്ന അധികാരികളുടെ
നിഷ്ക്രിയത്വം കുരുക്കിട്ട
കര്‍ഷകര്‍ തന്‍ ദുര്‍വിധി മറക്കരുത് നാം ...
ബാലികമാരില്‍ കാമപ്പേക്കൂത്ത് നടത്തിയ
പിശാചുക്കളെ നിയമ പുസ്തകത്തിലൊളിപ്പിച്ച
അധികാര കോണിപ്പടികളെ തകര്‍ക്കുക നാം ...

ഇല്ലെങ്കില്‍ ,
ദിശാസൂചി നേര്‍ ദിശയിലല്ലെങ്കില്‍
ഇനി ഉറങ്ങുക ...
ചൂണ്ടു വിരല്‍ മടക്കി ഉറങ്ങുക നാം ...